കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വര്‍ണപ്പാളി മോഷണക്കേസിലെ പ്രതിയായ ഉണ്ണികൃഷ്ണന് പോറ്റിയും ചേര്‍ന്നുള്ള ചിത്രം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എന്‍. സുബ്രഹ്മണ്യനെ ചേവായൂര്‍ പോലീസ് ഇന്നലെയും ചോദ്യംചെയ്തു.
മുക്കാല്‍ മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ സുസുബ്രഹ്മണ്യനെ പോലീസ് വിട്ടയച്ചു. സുബ്രഹ്മണ്യന്റെ സമൂഹമാധ്യമ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന കക്കോടി സ്വദേശി ബാബുരാജിനെയും പോലീസ് ചോദ്യംചെയ്തു.
ചോദ്യം ചെയ്യലിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനു പുറത്ത് ‘പോറ്റിയേ കേറ്റിയേ’പാട്ടുപാടുകയും മുഖ്യമന്ത്രിയും പോറ്റിയും ഒന്നിച്ചുള്ള ചിത്രം പതിച്ച പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചു പ്രതിഷേധിക്കുകയും ചെയ്തു.
പോസ്റ്റ് ചെയ്തത് യഥാര്‍ഥ ചിത്രങ്ങള്തന്നെയാണെന്ന നിലപാട് സുബ്രഹ്മണ്യന് പോലീസിനോട് ആവര്‍ത്തിച്ചു. സമൂഹമാധ്യമങ്ങളില്‍ വിവിധ ഇടങ്ങളില്‍ പലരും പ്രചരിപ്പിച്ച ചിത്രമാണിത്. അതുതന്നെയാണ് തന്റെ സഹായി സമൂഹമാധ്യമ പേജില്‍ ഉള്‍പ്പെടുത്തിയതെന്നും സുബ്രഹ്മണ്യന് പോലീസിനോടു പറഞ്ഞു.
ഇന്നലെ രാവിലെ പതിനൊന്നോടുകൂടി കോൺഗ്രസ് പ്രവർത്തകർക്കൊപ്പമാണ് സുബ്രഹ്മണ്യൻ ചേവായൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയത്. സര്‍ക്കാരിനുവേണ്ടി ഗുണ്ടാപ്പണി ചെയ്യുന്ന നിലപാടാണ് പോലീസിന്റേതെന്ന് സ്റ്റേഷനില്‍നിന്ന് പുറത്തിറങ്ങിയ എന്‍. സുബ്രഹ്മണ്യന് ആരോപിച്ചു.
ഇതേ ഫോട്ടോ ബിജെപി നേതാവും പോസ്റ്റ് ചെയ്തെങ്കിലും കേസെടുത്തില്ല. പോറ്റിയും മുഖ്യമന്ത്രിയും ഒപ്പം നില്ക്കുന്ന വീഡിയോ മുന്‍പ് പിആര്‍ഡി പുറത്തുവിട്ടതാണെന്നും ആ വീഡിയോ പൂര്‍ണമായും വീണ്ടും പുറത്തുവിടണമെന്നും അല്ലെങ്കില്‍ അതിനായി വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കുമെന്നും സുബ്രഹ്മണ്യന് പറഞ്ഞു.
കേസ് അന്വേഷണത്തിന്റെ ഭാഗമായി പിടിച്ചുവച്ച ഫോണ്‍ രണ്ടു ദിവസത്തിനകം തിരിച്ചുനല്കാമെന്നാണു പോലീസ് സുബ്രഹ്മണ്യനെ അറിയിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ചയും സുബ്രഹ്മണ്യനെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്തിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണിക്കൃഷ്ണന് പോറ്റിയും തമ്മിലുള്ള ബന്ധത്തെ ചോദ്യംചെയ്യുന്ന തരത്തിലുള്ള അടിക്കുറിപ്പോടുകൂടിയ ചിത്രം എന്‍. സുബ്രഹ്മണ്യന് സമൂഹമാധ്യമത്തില്‍ പങ്കുവച്ചതിന്റെ പേരിലാണ് പോലീസ് കേസെടുത്തത്. ചേവായൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
സമൂഹത്തില്‍ രണ്ടു വിഭാഗങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ വിദ്വേഷം സൃഷ്ടിക്കുകയും ലഹളയ്ക്ക് ഇടയാക്കുകയും ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെയാണു ചിത്രം പങ്കുവച്ചതെന്ന സംശയമാണു പോലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ടിലുള്ളത്.